സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ഒന്നേ ദശാംശം നാല് ശതമാനമാണ് വര്‍ധനവ്. ജനറൽ അതോറിറ്റി ഓഫ് സോഷ്യൽ ഇൻഷുറൻസിന്റേതാണ് കണക്ക്. കോൺട്രാക്ടിങ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികൾക്ക് 80,000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
കണക്കുകൾ പ്രകാരം 2017 നെ അപേക്ഷിച്ച് 2018ൽ 1.4 സ്വദേശിവത്ക്കരണ വർദ്ധനവുണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍. കഴിഞ്ഞ മൂന്ന് മാസത്തിനകം മാത്രം 0.4 ശതമാനം വര്‍ധനവുണ്ടായി. 2018 മൂന്നാം പാദത്തിൽ 19.4 ശതമാനമായിരുന്നു സ്വദേശി സാന്നിധ്യം. നാലാം പാദത്തിൽ 19.8 ശതമാനമായി ഉയർന്നു. അടുത്ത വര്‍ഷത്തിനകം കോൺട്രാക്ടിങ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികൾക്ക് 80,000 തൊഴിലുകൾ സൃഷ്ടിക്കും. തൊഴിൽ മന്ത്രാലയത്തിന്റേതാണ് പദ്ധതി.
മാനവവിഭവ ശേഷി ഫണ്ട് അഥവാ ഹദഫ്, ഗോസി, സൗദി കോൺട്രാക്ടിങ് അതോറിറ്റി, സൗദി ചേമ്പർ തുടങ്ങിയ വേദികളുമായി സഹകരിച്ചാണിത്. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കൂടുതലാണ്. ഇത് പരിഹരിക്കാന്‍ സ്വദേശിവത്കരണം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.