മനാമ: ബഹ്റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിയുമായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സമൂഹത്തോട് ബഹ്റൈന്‍ കാണിക്കുന്ന പരിഗണനക്ക് പിയൂഷ് ശ്രീവാസ്ത നന്ദി അറിയിച്ചു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകളെ പറ്റി ഇരുവരും ചര്‍ച്ച ചെയ്തു.
അംബാസിഡര്‍ ബഹ്റൈന്‍ പാരമ്പര്യ, സാംസ്‌കാരിക അതോറിറ്റി ചെയര്‍പേഴ്സന്‍ ശൈഖ മയ് ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയുമായും ചര്‍ച്ച നടത്തി. ഇന്ത്യയുമായുള്ള സാംസ്‌കാരിക കൈമാറ്റവും സഹകരണവും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നതായി ശൈഖ മയ് ചര്‍ച്ചയില്‍ അനുസ്മരിച്ചു. ബഹ്റൈന്‍ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കുന്ന നിലപാടിനെ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധത്തെ പറ്റിയും സഹകരണത്തെ പറ്റിയും ഇരുവരും ചര്‍ച്ച നടത്തി.
നേരത്തെ പ്രവാസി ഇന്ത്യക്കാരുടെ ആരോഗ്യ സുരക്ഷയില്‍ ബഹ്‌റൈന്‍ ഭരണകൂടം കാണിക്കുന്ന കരുതലിനും സൂക്ഷ്മതയ്ക്കും അംബാസിഡര്‍ നന്ദിയറിയിച്ചിരുന്നു. ബഹ്‌റൈനില്‍ സ്ഥാനമേറ്റതിന് ശേഷം പിയൂഷ് ശ്രീവാസ്തവ ആദ്യമായിട്ടാണ് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിയുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയത്.