മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നു. ഇതുവരെ 5000ത്തിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പരീക്ഷണത്തിന് സന്നദ്ധരായി കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബഹ്‌റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉള്‍പ്പടെ നിരവധി പ്രമുഖരായവരും വാക്‌സിന്‍ പരീക്ഷണത്തിന് ഭാഗമായിട്ടുണ്ട്.
ആരോഗ്യ മന്ത്രി ഫഈഖ അല്‍ സലേഹ്, ആഭ്യന്തര മന്ത്രി ഹിസ് എക്സലന്‍സി ജനറല്‍ റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, ധനകാര്യ, സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരാണ് ആദ്യ ഡോസ് സ്വീകരിച്ച മറ്റു പ്രമുഖര്‍.
ലോകത്തിലെ തന്നെ ആറാമത്തെ വലിയ വാക്സിന്‍ ഉത്പാദകരായ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണം വിജയകരമായാല്‍ വൈകാതെ തന്നെ വാക്സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.