മനാമ: ബഹ്‌റൈനില്‍ ശീഷാ കഫേകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 17നായിരുന്നു പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത്. എന്നാല്‍ രാജ്യത്തെ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചതോടെ ഹോട്ടലുകളുടെ അകത്ത് ഭക്ഷണം വിളമ്പുന്നതിനും ശീഷാ കഫേകള്‍ തുറക്കുന്നതിനും അനുമതി ലഭിക്കാതെ വന്നു. അധികൃതര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഒക്ടബര്‍ 24ലേക്കാണ് ശീഷാ കഫേകള്‍ തുറക്കുന്ന തിയതി മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം കഫേകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാരികളെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 100 ശീഷാ കഫേ ഉടമസ്ഥര്‍ ഒപ്പിട്ട നിവേദനം കാബിനെറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. കഫേകള്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉടമസ്ഥരുടെ പ്രധാന ആവശ്യം.
കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അടച്ചിട്ട ശീഷാ കഫേകള്‍ പിന്നീട് തുറന്നിട്ടില്ല. മറ്റു അവശ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി നല്‍കിയാല്‍ മതിയെന്നാണ് കാബിനെറ്റ് ഉള്‍പ്പെടെ നിര്‍ദേശിച്ചിരിക്കുന്നത്.