കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3007 പേര്‍ക്ക് രോഗമുക്തി, 412 ഉറവിടമറിയാത്ത കേസുകള്‍

covid keralam

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഇതിൽ 412 പേരുടെ ഉറവിടം അറിയില്ല. 40382 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 38574 സാമ്പിൾ പരിശോധിച്ചു.

അതേസമയം ഇന്ന് 3007 പേർ രോഗമുക്തി നേടി. കൊവിഡിനൊപ്പം ജീവിക്കേണ്ട ഘട്ടമാണിത്. മുൻപുണ്ടായിരുന്ന രീതികളെ മാറ്റിയിട്ടുണ്ട്. യോഗം ചേരുന്നതും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്, വിവാഹം, കടകൾ പ്രവർത്തിക്കുന്നത് തുടങ്ങി എല്ലാം കൊവിഡ് പിടിച്ചുനിർത്താൻ സഹായിക്കുന്ന വിധത്തിലാണ്. ജനത്തിൻറെ ജീവൻ രക്ഷിക്കാനാണ് ഇത്. അതെല്ലാം അട്ടിമറിച്ചാണ് പ്രതിപക്ഷം സമരം എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധം തകർക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ആൾക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തിൽ പടരാൻ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കൊവിഡ് ബാധിതരാകുന്നു. ഇത് നിർഭാഗ്യകരമാണ്. സമരം തടയാൻ നിയുക്തരായ പൊലീസുകാരിൽ 101 പേർ പോസിറ്റീവായി. 71 സിവിൽ പൊലീസ് ഓഫീസർമാർക്കും എട്ട് സീനിയർ സിപിഒമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 171 പേർ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹപ്രവർത്തകർക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാർ ക്വാറൻറീനിലാവും. കൊവിഡിനെതിരെ പ്രവർത്തിക്കേണ്ട സർക്കാരിന് ഇത് തടസമാവുന്നു. കൊവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അക്ഷീണം പ്രവർത്തിക്കുന്നത് പൊലീസാണ്.

പ്രത്യുപകരമായി അവർക്കിടയിൽ രോഗം പടർത്തണോയെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. ജീവനെക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പ്രതിഷേധക്കാർ സമൂഹത്തെ അപകടപ്പെടുത്തുന്നതിൽ നിന്ന് പിന്മാറണം. മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്? അക്രമം നടത്തിയാലേ മാധ്യമശ്രദ്ധ കിട്ടുവെന്ന ധാരണ മാറിയാൽ ഈ പ്രശ്നം ഒഴിവാകും. എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!