മനാമ: കോവിഡ് പരിശോധനയ്ക്ക് വിധേയമായ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ചത് ഒരു ശതമാനത്തിന് മാത്രം. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഡോ വലീദ് അല്‍ മനീയ ആണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ ജീവനക്കാരില്‍ 85 ശതമാനം പേരും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ഇവരെ സെപ്റ്റംബര്‍ 1 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബാക്കിയുള്ള 13 ശതമാനം വരുന്ന ജീവനക്കാരുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ നടത്തിയ പരിശോധനകളില്‍ 1 ശതമാനം സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോ. വലീദ് അല്‍ മനീയ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപകരെയും മറ്റു ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.