മനാമ: മലപ്പുറം മഞ്ചേരിയില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീക്ക് മെഡിക്കല്‍ കോളേജുകളും സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതിനൊടുവില്‍ ഇരട്ടക്കുട്ടികളെ നഷ്ട്ടമായ സംഭവത്തില്‍ പ്രതിഷേധവുമായി കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി. ശരീഫ് – സഹ്ല ദമ്പതികള്‍ക്കാണ് തങ്ങള്‍ക്കു ജനിക്കാന്‍ പോവുകയായിരുന്ന കുഞ്ഞുങ്ങളെ ആശുപത്രികളുടെ അനാസ്ഥ മൂലം നഷ്ടമായത്.
ആരോഗ്യ രംഗത്തു ഒന്നാം സ്ഥാനത്താണ് എന്ന് പറയുന്ന കേരളത്തില്‍ പൂര്‍ണ ഗര്ഭിണിയ്ക്കു 14 മണിക്കൂറിലധികം ചികിത്സ നിഷേധിച്ച സംഭവത്തില്‍ കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി നടുക്കവും പ്രതിഷേധവും അറിയിച്ചു. ഇത് യുപിയല്ല കേരളമല്ലേയെന്നും കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയും പിടിപ്പു കെടും ആണ് 2 പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചതെന്നും ആരോപിച്ചു. നിരുത്തരവാദമായി ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെയും ചികിത്സ നല്‍കാത്ത ഡോക്ടര്‍ മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സഹ്ല മുന്‍പ് കോവിഡ് ബാധിതയായിരുന്നെങ്കിലും ഈ മാസം 15 നു കോവിഡ് നെഗറ്റീവ് ആയിരുന്നു. പുലര്‍ച്ചെ ഏകദേശം 4 മണിയായപ്പോഴാണ് സഹ്ലയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രസവ വേദനയെ തുടര്‍ന്ന് എത്തിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കെ ചികിത്സ നല്‍കുകയുള്ളൂ എന്ന് പറഞ്ഞും രാവിലെ 11 മണിക്ക് അവിടെ നിന്ന് കോഴിക്കോടേക്ക് റഫര്‍ ചെയ്തത്. അവിടെ എത്തിയെങ്കിലും ഒപി സമയം കഴിഞ്ഞു എന്ന് പറഞ്ഞു ചികിത്സ കിട്ടാത്തത് കൊണ്ട് മറ്റുള്ള സ്വകാര്യ ആശുപത്രികളിലും ബന്ധപ്പെട്ടെങ്കിലും മുന്നേ കൊറോണ വന്നിരുന്നതിനാല്‍ അവരും ചികിത്സ നല്‍കിയില്ല . അപ്പോഴേക്കും സഹ്ലയുടെ കന്നി പ്രസവത്തില്‍ ജനിക്കേണ്ടിയിരുന്ന ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വളരെ വൈകിയിട്ടു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സിസേറിയനില്‍ അമിത രക്ത സ്രാവമുണ്ടായതിനാല്‍ സഹ്ല തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് .