മലപ്പുറം: ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍. സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്‍കി. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.യു ലത്തീഫ , സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടി എം.പിയെയും നേരില്‍ക്കണ്ടാണ് ബഹ്റൈന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ നില്‍ക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയര്‍ ബബ്ള്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചങ്കിലും നാട്ടില്‍നിന്ന് തിരിച്ച് ബഹ്റൈനിലേക്ക് പോവാന്‍ പ്രതീക്ഷയോടെ കാത്തുനിന്നവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. നാട്ടില്‍ നിന്ന് ബഹ്റൈനിലേക്ക് പോവാന്‍ കഴിയാതെ വന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്.
വിസ കാലാവധി കഴിയാറായവര്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ച് വിസ പുതുക്കുന്നതിന് ബഹ്റൈനില്‍ പോവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ടിക്കറ്റുകളും ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ തന്നെ അമ്പതിനായിരത്തിലധികം രൂപയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കൂടാതെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കോവിഡ് ടെസ്റ്റിന് 12000 രൂപ അക്കേണ്ടതായും വരുന്നു. ഇത് സാധാരണക്കാരായ പ്രവാസികളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. എയര്‍ ബബ്ള്‍ വഴി ഇന്ത്യയില്‍ നിന്ന് ചുരുക്കം വിമാന സര്‍വിസ് നടത്താനാണ് അനുമതിയുള്ളത്. ഈ സാഹചര്യം ചൂഷണം ചെയ്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
മറ്റ് ജി.സി.സി രാജ്യങ്ങള്‍ സുഗമമായി വിമാന സര്‍വിസ് നടത്തുമ്പോഴാണ് ബഹ്റൈന്‍ പ്രവാസികള്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. ബഹ്റൈനില്‍ ജോലി ചെയ്തുവരുന്ന പ്രവാസികള്‍ മിക്കവരും സാധാരണ ജീവിതം നയിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തില്‍ വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക കൊടുത്തു യാത്ര ചെയ്യാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധ്യമല്ല. ടിക്കറ്റിനായി വലിയൊരു ബാധ്യയുണ്ടാക്കി ബഹ്റൈനിലെത്തി ജോലി അന്വേഷിക്കുക എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് കടുത്തദുരിതമാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളുമുണ്ടായിട്ടില്ല. ആയതിനാല്‍ എല്ലാ കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച മുസ്ലിം ലീഗ് ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചൂണ്ടിക്കാട്ടി പ്രവാസി അനുകൂല നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കെ.എം.സി.സി ബഹ്റൈന്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.