‘മധു സി നാരായണൻ എന്ന പ്രതിഭാശാലിയായ സംവിധായകൻ മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടമാണ് ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ ഒരുക്കിയിരിക്കുന്നത്.’ ബഹ്റൈൻ പ്രവാസ ലോകത്തും നിറഞ്ഞ സദസിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്…
“അതല്ലടാ, ആളത്ര വെടിപ്പല്ല.. ഇച്ചിരി പിശകാണ്”
കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ‘ഷമ്മി ‘ എന്ന കഥാപാത്രത്തെ മനസിലാക്കാൻ ട്രെയ്ലറിലെ ഈ ഒരൊറ്റ ഡയലോഗ് തന്നെ ധാരാളമാണ്. ‘നീയൊന്നും ആണുങ്ങളെ കണ്ടിട്ടില്ലെന്ന ‘ ലാഘവത്തോടെ ആണധികാര ബോധങ്ങളിലൂന്നി ചിരിച്ചു കൊണ്ട് പതിയെ അധികാരം പിടിച്ചടക്കുന്ന കഥാപാത്രം മലയാളി ആണുങ്ങളിലും ആണത്ത ബോധങ്ങളിൽ നിന്നും പൂർവകാല മലയാള സിനിമകളിലെ കഠിനാധ്വാനിയായ സദാചാര വാദിയായ വെളുത്ത നായകന്മാരിൽ നിന്നും തന്നെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചീന്തിയെടുത്ത ഒരേടാണെന്ന് നിസ്സംശയം കണ്ടെത്താം. പക്ഷെ കണ്ടു പതിഞ്ഞ നായക പരിവേഷത്തിൽ നിന്നും വ്യത്യസ്തമായി അതത്ര വെടിപ്പും നോർമലും അല്ലെന്ന സന്ദേശമാണ് ചിത്രം ഒടുങ്ങുമ്പോൾ തന്റെ കന്നി ചിത്രത്തിലൂടെ ഒരു ചിത്രത്തെ അതി മനോഹരമായി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ മധു സി നാരായണൻ പറഞ്ഞു വെക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഏതു തരക്കാർക്കും പല വിധത്തിൽ ആസ്വദിക്കാവുന്ന, ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഗംഭീര സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്.
പട്ടിയേയും പൂച്ചയേയും കളയാനുപയോഗിക്കുന്ന ആർക്കും വേണ്ടാത്ത കുമ്പളങ്ങിയിലെ ഒറ്റപ്പെട്ട തുരുത്തിൽ അപ്പൻ മരിച്ച, അമ്മ ദൈവവിളി തേടി പോയ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശമെന്ന് സ്വയം തോന്നലുണ്ടാക്കുന്ന വീട്ടിലെ നാല് സഹോദരങ്ങളും പരിസരവും അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ഒഴുക്കൻ മട്ടിൽ മദ്യപിച്ചും ആർമാദിച്ചും കലഹിച്ചും ജീവിച്ച് പോകുന്ന സഹോദരങ്ങളിൽ അൽപം കാര്യ ഗൗരവമുള്ളവനായി വ്യത്യസ്തനാവുന്നത് പുറം നാട്ടിൽ പഠിക്കാനായി പോകുന്ന ഇളയവൻ ഫ്രാങ്കിയാണ്. ഫ്രാങ്കിയുടെ വെക്കേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്, ചുരുക്കി പറഞ്ഞാൽ വെള്ളത്തിൽ മുങ്ങിത്താഴുന്ന ശ്വാസം മുട്ടലിൽ നിന്നും കരപറ്റി ആശ്വാസത്തിന്റെ ദീർഘ നിശ്വാസത്തിലവസാനിക്കുന്ന ഫ്രാങ്കിയുടെ ജീവിത ശകലമാണ് സിനിമ എന്ന് വിശേഷിപ്പിച്ചാലും തെറ്റാകില്ല.
പുതുമുഖം മാത്യൂ തോമസാണ് നാൽവർ സംഘത്തിലെ അരുമയായ ഇളം സഹോദരനായെത്തുന്നത്. അധികാരത്തിന്റെ യാതൊരു പ്രിവിലേജുമില്ലാത്ത നിസ്സഹായനായ, വൈകാരികതകളാൽ ദുർബല ഹൃദയനായ, പെട്ടെന്ന് കരയാനും ചിരിക്കാനും കഴിയുന്ന മൂത്ത സഹോദരൻ ‘സജി’യായി സൗബിൻ ഷാഹിർ ജീവിച്ചു കാണിക്കുകയായിരുന്നു. തൊട്ടിളയ സഹോദരൻ ബോണിയായെത്തുന്ന ശ്രീനാഥ് ഭാസി സംസാരശേഷിയില്ലാത്ത കഥാപാത്രത്തെ മെയ് വഴക്കം കൊണ്ട് മറികടക്കുന്നുണ്ട്. ഫ്രാങ്കിക്കൊപ്പം തന്നെ സഹോദരങ്ങൾക്ക് ദിശാബോധം പകരുന്നതിൽ ബോണിയും പങ്കുവഹിക്കുന്നു.
മുടി നീട്ടി വളർത്തിയ തട്ടുപൊളിപ്പൻ ഫ്രീക്കൻ ചെക്കനായ് തകർത്താടിയ ഷെയ്ൻ നിഗമാണ് മൂന്നാമൻ ബോബിക്ക് ജീവൻ പകർന്നത്. മുൻ കാല ചിത്രങ്ങൾ വച്ചുള്ള താരതമ്യത്തിൽ വിഷാദ കാമുക നായകനിൽ നിന്നും ഷെയ്ന് ലഭിച്ച ഒരു ബ്രേക്ക് ആണ് കുമ്പളങ്ങി. ഷെയ്നിന്റെ ബോബിക്കൊപ്പം കാമുകി ബേബിയായെത്തുന്ന പുതുമുഖം അന്ന ബെന്നുമായി ചേർന്നുള്ള രംഗങ്ങൾ ആസ്വാദക പ്രിയമാവുന്നതിനൊപ്പം പ്രണയ സങ്കൽപങ്ങളെ തന്നെ പൊളിച്ചടുക്കുന്ന കെമിസ്ട്രിയാണ് ചിത്രം സമ്മാനിക്കുന്നത്.
തന്റെ ചേച്ചിയുടെ ഭർത്താവായ ഷമ്മിയുടെ ഗൃഹനാഥനായുള്ള ആങ്ങള ഭരണത്തിന്റെ മീശയെ തന്നെ ഒരു ഘട്ടത്തിൽ വിറപ്പിച്ച് നിർത്തുന്നുണ്ട് ബേബി. ആദ്യ സിനിമയുടെ യാതൊരു സങ്കോചവുമില്ലാതെ തനി കുമ്പളങ്ങിക്കാരിയായി അന്ന നിറഞ്ഞാടിയപ്പോൾ, തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത ചുറുചുറുക്കുള്ള ബേബി മോളും കാഴ്ചക്കാരുടെ മനസിൽ ഒരു കൂടൊരുക്കുകയായിരുന്നു.
ഷെയ്നും സൗബിനും അവതരിപ്പിച്ച വഴക്കാളി സഹോദരങ്ങളായ ബോബിയും സജിയും തമ്മിലുള്ള രസതന്ത്രമാണ് യാതൊരു മടുപ്പും കൂടാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കാരണങ്ങളിൽ മറ്റൊന്ന്. വിനായകനെ പോലെ ഭംഗിയുള്ളൊരു കൂട്ടുകാരനും ബോബിയുടെ ജീവിതത്തിന് വഴിത്തിരിവേകുന്ന കഥാപാത്രമാണ്. ഒരു ഫ്ലാഷ്ബാക് സീനിൻറെ അകമ്പടിപോലുമില്ലാതെ ഓരോ കഥാപാത്രങ്ങളുടെയും ഭൂതകാലങ്ങളിലേക്ക് കാഴ്ചക്കാരനെ തെല്ലും മടുപ്പിക്കാതെ കൈപിടിച്ച് നടത്തിയ മാജിക് അനുഭവിക്കണമെങ്കിൽ ചിത്രം കണ്ടേ മതിയാകു.
‘കംപ്ലീറ്റ് മാൻ’ എന്ന വിശേഷണത്തോടെ ആരംഭിച്ച് സദാ സമയം മീശയുടെ ഭംഗി ചൂഴുന്ന ഫഹദിന്റെ കഥാപാത്രം ഷമ്മി അസഹനീയനായൊരു അന്തർമുഖന്റെ സാമീപ്യമായിരുന്നു സമ്മാനിച്ചത്. മറ്റുള്ളവരുടെ ജീവിതത്തിലേക്കും സംസാരങ്ങളിലേക്കും ഒളിഞ്ഞ് നോക്കുന്ന, അനാവശ്യമായി ഇടപെടുന്ന, വ്യഭിചാരം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന, വീട്ടുജോലി ചെയ്യുന്ന പുരുഷന്മാരെ പുച്ഛിക്കുന്ന, സീരിയൽ കാണുന്ന സ്ത്രീകളെ വിവരമില്ലാത്തവരായ് കാണുന്ന, വാർത്തകൾ കാണുന്ന തനിക്കുള്ള ലോക ധാരണ മറ്റുള്ളവർക്കില്ലെന്ന് കരുതുന്ന, തന്നേക്കാൾ താഴെയെന്ന് കരുതുന്ന മനുഷ്യജീവിതങ്ങളെ നോക്കി പരിഹസിച്ച് ചിരിക്കുന്ന…. അങ്ങനെ ആകെ മൊത്തത്തിൽ അസ്വസ്ഥതയുളവാക്കുന്ന ഷമ്മിയെ ഫഹദ് തന്നെ അഭിനയ വൈദഗ്ദ്യം കൊണ്ട് ഗംഭീരമാക്കുകയായിരുന്നു. ഫഹദിന്റെ ഭാര്യയായും അന്നയുടെ സഹോദരിയായും എത്തിയത് ഗ്രേസ് ആന്റണിയാണ്. ദുരൂഹതയാർന്ന ചിരിയുമായെത്തുന്ന ഭർത്താവിന് മുന്നിൽ അടിക്കടി പതറിപ്പോകുന്ന, ആജ്ഞകൾക്ക് വഴങ്ങുന്ന ഉത്തമ ഭാര്യയിൽ നിന്നും ‘ഏത് ടൈപ് ഏട്ടനാണേലും മര്യാദക്ക് പെരുമാറണം’ എന്ന് പറയേണ്ടി വരുന്ന ഗ്രേസിന്റെ കഥാപാത്രത്തിലേക്കുള്ള മാറ്റവും ചിത്രത്തിൽ എടുത്തു പറയേണ്ടതുണ്ട്.
ശ്യാം പുഷ്കരന്റെ ഗംഭീര തിരക്കഥയിലൂടെ അതി മനോഹരമായൊരു ചിത്രം സമ്മാനിച്ചതിൽ മധു സി നാരായണൻ മലയാള സിനിമയിൽ വ്യക്തമായൊരു ഇരിപ്പിടം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് എന്ന പ്രതിഭയുടെ ഛായാഗ്രഹണം ഒന്ന് കൊണ്ട് മാത്രമാണ് കുമ്പളങ്ങിയിലെ രാത്രികൾക്കിത്ര മനോഹാരിത സമ്മാനിച്ചതെന്ന് തന്നെ പറയേണ്ടി വരും. ഒപ്പം സുശിൻ ശ്യാമിന്റെ ഇമ്പമാർന്ന സംഗീതവും. നിർമ്മാതാക്കളായ ദിലീഷ് പോത്തനും നസ്റിയക്കും ഫഹദിനും ശ്യാം പുഷ്കരനും അഭിമാനിക്കാം, തങ്ങളുടെ മുതൽ മുടക്കിൽ മലയാള സിനിമയുടെ അഭിമാനം ഈ 2019 ൽ വാനോളമുയർത്തിയതിൽ, ഉപരിയായി ഒരു നല്ല ചിത്രം സമ്മാനിച്ചതിൽ.
ജുഫൈർ മാളിലെ മുക്താ സിനിമാസിൽ നിന്നും പടം കണ്ടിറങ്ങിയപ്പോൾ കൂടെ കൂടിയ കുമ്പളങ്ങിയിലെ മോശം വീട്ടിലെ നല്ല മനുഷ്യരെയും കൊണ്ടാണ് ഞാൻ തിരിച്ചിറങ്ങുന്നത്. നഷ്ടമാവില്ല ഈ ചിത്രം.