
ന്യൂഡല്‍ഹി: ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം. 89154 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി. 86.17 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന റിപ്പോര്‍ട്ടില്‍ രോഗബാധിതരെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുന്നത് ആശ്വാസ വാര്‍ത്തയാണ്.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 74,383 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 70,53,806 ആയി ഉയര്‍ന്നത്. 918 പേര്‍ ഇന്നലെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 1,08,334 ആണ് നിലവില്‍ രാജ്യത്തെ കൊവിഡ് മരണസംഖ്യ. നിലവില്‍ 8,67,496 പേര്‍ ചികിത്സയില്‍ കഴിയുന്നു.
കൊവിഡ് ഹോട്സ്പോട്ടുകളായ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇന്നലെ കര്‍ണാടകയില്‍ 10517ഉം മഹാരാഷ്ട്രയില്‍ 11416ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കേരളത്തില്‍ ഇന്നലെ 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ കണക്കാണിത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 23 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 978 ആയി ഉയര്‍ന്നു.









