മനാമ: ബഹ്‌റൈനിലേക്ക് വിമാനക്കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് നിവേദനം സമര്‍പ്പിച്ചു. എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ബഹ്‌റൈനിലേക്ക് അമിത ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. നിരക്ക് കുറഞ്ഞതായി 10 സീറ്റുകള്‍ മാത്രമെ നല്‍കുന്നുള്ളു, ഇവയാണെങ്കില്‍ മിനിറ്റുകള്‍ക്കകം വിറ്റു തീരും. യാതൊരു നിയന്ത്രണവുമില്ലാതെയാണ് കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
നിരക്ക് കുറഞ്ഞ 10 സീറ്റുകള്‍ക്ക് പുറമെയുള്ളവയ്ക്ക് ഏതാണ്ട് 450 ദിനാറാണ് നിരക്ക്. 87000 രൂപയ്ക്ക് മുകളില്‍ ടിക്കറ്റിന് നല്‍കാന്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് കഴിയില്ല. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പരിധിയില്ലെന്നതാണ് വസ്തുത.
ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുക വഴി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്നും നിവേദനത്തില്‍ പ്രവാസി ലീഗല്‍ പ്രസിഡന്റ് ജോസ് അബ്രഹാം, ബഹ്‌റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, കോർഡിനേറ്റർ അമൽദേവ് എന്നിവര്‍ ആവശ്യപ്പെട്ടു.