മനാമ: ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ് ലൈസന്‍സിനായി പുതിയ ഇ-സംവിധാനം. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും ഇന്‍ഫോമേഷന്‍ ആന്റ് ഇ-ഗവേണന്‍സ് അതോറിറ്റിയും ഒരുമിച്ചാണ് ഇ-സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് റിയല്‍ എസ്റ്റേറ്റ് ലൈസന്‍സിംഗ് സിസ്റ്റവും അനുബന്ധ ഇ-സേവനങ്ങളുമെന്ന സംവിധാനത്തിന് തുടക്കമിട്ടത്. യോഗത്തില്‍ ആര്‍ഇആര്‍എ സിഇഒ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ഐജിഎ സിഇഒ മുഹമ്മദ് അലി അല്‍ ക്വയ്ദ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ ഇ-സംവിധാനത്തിലൂടെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കും, ഏജന്റുകള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകും. ലൈസന്‍സ് ആപ്ലിക്കേഷന്‍, ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍, ലൈസന്‍സ് പുതുക്കല്‍, ഫീസ് അടക്കല്‍ എന്നിവ ഇ-സംവിധാനത്തിലൂടെ നടത്താം. സേവനങ്ങള്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐജിഎ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പുതിയ ലൈസന്‍സിംഗ് സംവിധാനം ആര്‍ഇആര്‍എയുടെയും, ഐജിഎയുടെയും സംയോജിത ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് യോഗത്തില്‍ ആര്‍ഇആര്‍എ സിഇഒ പറഞ്ഞു. കൂടാതെ ഐജിഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.