മനാമ: മികച്ച ഡോക്ടര്‍ക്കുള്ള ‘ഖലീഫ ബിന്‍ സല്‍മാന്‍ പുരസ്‌കാരം’ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ജൂറി രണ്ടാമത്തെ യോഗം ചേര്‍ന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫഈഖ ബിന്‍ത് സയ്യിദ് അല്‍-സലാഹിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം. പ്രതിസന്ധിഘട്ടത്തിലും ജൂറി യോഗത്തില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ക്ക് ആരോഗ്യമന്ത്രി നന്ദിയറിയിച്ചു. ബഹ്റൈനിലെ മികച്ച ഡോക്ടര്‍മാര്‍ക്കാണ് പുരസ്കാരം നല്‍കുക.
ആദ്യഘട്ടത്തില്‍ അവാര്‍ഡിനായി പരിഗണിച്ചവരുടെ പഠനങ്ങളും സംഭാവനകളും യോഗം പരിശോധിച്ചു. പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ പ്രഖ്യാപന ദിവസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജൂറി വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനുള്ളിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ പാനലാണ് അവാര്‍ഡിന് അര്‍ഹാരയവരെ തെരഞ്ഞെടുക്കുക. ബഹ്‌റൈനിലെയും പുറത്തെയും ആരോഗ്യരംഗത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍, സംഭാവനകള്‍ എന്നിവ പരിഗണിച്ചായിരിക്കും പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക.