ബഹ്‌റൈനില്‍ സന്ദര്‍ശക വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

 

മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശക വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സി അഫേയേര്‍സ് വിസാ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 20 വരെയായിരുന്നു വിസയുടെ ആദ്യ കാലാവധി. ഇപ്പോള്‍ അത് ജനുവരി 21 വരെയാണ് നീട്ടിയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ ഇപ്പോള്‍ കഴിയുന്നവര്‍ വിസ പുതുക്കുന്നതിന് പ്രത്യേകം അപേക്ഷകള്‍ നല്‍കേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതേസമയം നാട്ടില്‍ നിന്ന് ബഹ്‌റൈനിലേക്ക് എത്തുന്ന ഭൂരിഭാഗം ആളുകളും ദുബൈ വഴിയാണ് ബഹ്‌റൈനില്‍ എത്തുന്നത്. ഇങ്ങനെ വരുന്നവര്‍ 2000 ദിര്‍ഹം കൈയ്യില്‍ കരുതണമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതാവശ്യമില്ലെന്നാണ് ഇതുവരെ വന്നവര്‍ പറയുന്നത്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് പലരും അറിയിച്ചിരുന്നു. അതേസമയം വ്യഴാഴ്ച്ച മുതല്‍ ടിക്കറ്റിന് ഇളവുകള്‍ ഉണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നൽകുന്ന സൂചന.