മനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഡിഡ്കവര്‍ അമേരിക്ക’ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജുഫൈര്‍ മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് യുഎസ് എംബസി പ്രതിനിധി മാര്‍ഗ്രറ്റ് നാര്‍ദിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ജ്യൂസര്‍ രൂപാവാലയും ചേര്‍ന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമേരിക്കന്‍ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ശീത ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 30 ശതമാനം ഇളവ് ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും. ലുലു കിച്ചണില്‍ ഉപഭോക്താക്കള്‍ക്ക് അമേരിക്കയുടെ തനത് ഭക്ഷണങ്ങളും ലഭ്യമാകും.
ബഹ്റൈനില്‍ അമേരിക്കന്‍ ഉത്പന്നങ്ങളുടെ ലഭ്യത കാണിക്കുന്നതിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധത്തിന്റെ വ്യാപ്തി അറിയിക്കുന്നതിനും ‘ഡിസ്‌കവര്‍ അമേരിക്ക’ സഹായകമാവുമെന്ന് മാര്‍ഗ്രറ്റ് നാര്‍ദി പറഞ്ഞു. ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നതിന് അമേരിക്കന്‍ എംബസ്സിയുടെ പിന്തുണയ്ക്കും അവര്‍ നന്ദി അറിയിച്ചു. ഒക്ടോബര്‍ 27 വരെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഡിസ്‌ക്കവര്‍ അമേരിക്ക’ ഷോപ്പിങ് ഉത്സവം നടക്കുന്നത്.