സ്തനാർബുദത്തെക്കുറിച്ച് ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാര്‍ഥികള്‍  ഒക്ടോബറിനെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിച്ചു. രോഗത്തെക്കുറിച്ചുള്ള അവബോധം ചികിത്സ തുടങ്ങിയ കാര്യങ്ങളിലുള്ള  ശ്രദ്ധയും പിന്തുണയും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്ക്‌ പിങ്ക് ഐഎസ്ബി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടികള്‍. സ്തനാർബുദ അവബോധവുമായി ബന്ധപ്പെട്ട ലേഖനങ്ങളും പോസ്റ്ററുകളും തയ്യാറാക്കി ഓൺലൈനായി  പ്രദർശിപ്പിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. മികച്ച പിന്തുണയാണ് ഇതിനു ലഭിച്ചത്.

എല്ലാ വർഷവും ഇന്ത്യൻ സ്കൂൾ സ്തനാർബുദ ബോധവല്‍ക്കരണ  പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍,  പോസ്റ്ററുകൾ എന്നിവ വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്നു.  ക്യാമ്പസ് പിങ്ക് നിറത്തിൽ അലങ്കരിക്കുന്നതിലൂടെ ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു  അവബോധം സൃഷ്ടിക്കുന്നു. സ്തനാർബുദത്തെ ധൈര്യത്തോടും ശക്തിയോടും കൂടി മറികടക്കാൻ കഴിയുമെന്നും രോഗം നേരത്തേ കണ്ടെത്തുന്നത് സ്തനാർബുദ നിയന്ത്രണത്തില്‍ പ്രധാനമാണെന്ന സന്ദേശവുമായി മിഡിൽ സെക്ഷൻ വിദ്യാർത്ഥികൾ ഈ വര്ഷം  പോസ്റ്ററുകൾ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.

ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തില്‍ തിങ്ക് പിങ്ക് ഐ‌എസ്‌ബിയുടെ പ്രധാന തത്വം അവബോധം സൃഷ്ടിക്കുകയാണെന്നു പറഞ്ഞു. പ്രതിരോധത്തിന്റെ ആദ്യപടിയാണ് ബോധവല്‍ക്കരണം.  അമ്മമാരെയും പെൺമക്കളെയും സഹോദരിമാരെയും അങ്ങനെ ബോധവല്‍ക്കരിക്കുമ്പോള്‍ അവര്‍ക്ക് അവസരോചിതമായ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നു. അത് ആത്യന്തികമായി പലരുടെയും ജീവൻ രക്ഷിച്ചേക്കാമെന്നു അദേഹം പറഞ്ഞു.

സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം അതി പ്രധാനമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ചികിത്സിച്ചു മാറ്റാന്‍  കഴിയുന്ന അവസ്ഥയില്‍ തന്നെ രോഗം കണ്ടെത്താന്‍ സാധിക്കേണ്ടത് അതിജീവനത്തിനു വളരെ പ്രധാനമാണെന്ന് അദേഹം പറഞ്ഞു.

ഓരോ വര്‍ഷവും ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലോകമെമ്പാടും നടക്കുന്ന സ്തനാർബുദ ബോധവല്‍ക്കരണ പരിപാടികളില്‍ ഇന്ത്യന്‍ സ്കൂളും പങ്കാളിത്തം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള സ്കൂള്‍ എക്സിക്യുട്ടീവ്  കമ്മിറ്റി അംഗം അജയകൃഷ്ണന്‍ വി പറഞ്ഞു.

ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ വിആർ പളനിസ്വാമി തന്റെ സന്ദേശത്തില്‍  അപകടസാധ്യതാ ഘടകങ്ങളെയും ചികിത്സയെയും കുറിച്ചുള്ള കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും തിങ്ക്‌ പിങ്ക് മാസാചരണം പ്രയോജനപ്പെടുമെന്ന് പറഞ്ഞു.

റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എല്ലാ ഒക്ടോബറിലും  കാമ്പസിൽ നടക്കുന്ന സ്തനാർബുദ ബോധവൽക്കരണ പരിപാടികള്‍ ഈ രോഗത്തിന്റെ സാന്ത്വന പരിചരണം  വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പറഞ്ഞു.