മനാമ : ബഹ്റൈനിലേക്കെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് വിസ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും അനുവദിക്കുകയെന്ന് അധിക്യതർ അറിയിച്ചു.മാർച്ച് മാസം പത്താം തിയ്യതി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.നിലവില്‍ രാജ്യത്ത് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് നേരിട്ടാണ് ഗാർഹിക തൊഴിലാാളികൾക്കുള്ള വിസ അനുവദിക്കുന്നത്. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ കരാർ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് 10 മുതൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും വിസ അനുവദിക്കുകയെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാറും ഉടൻ നിലവിൽ വരും. പുതിയ കരാർ തൊഴിലാളികളുടെ അവകാശങ്ങളും ജോലിയുടെ സ്വഭാവവും കൃത്യമായി നിർവചിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഈ കരാർ തൊഴിലാളികൾ ഒപ്പിടണം. ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ പെർമിറ്റിനുള്ള അപേക്ഷ പുതിയ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനായി റിക്രൂട്ട്മെൻറ് ഏജൻസികളും ബഹ്റൈനി സ്പോൺസർമാരും ഈ കരാർ അപ്ലോഡ് ചെയ്യണം.
തൊഴിൽദാതാക്കൾക്കും റിക്രൂട്ട്മെൻറ് ഏജൻസികൾക്കും തൊഴിലാളികൾക്കുമിടയിൽ കൂടുതൽ പ്രൊഫഷനലായ ഇടപാടുകൾക്ക് ഇത് വഴിയൊരുക്കുമെന്ന് അധികൃതരുടെ പ്രതീക്ഷ.