മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വല വിജയം. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആരതി ഗോവിന്ദ രാജുവിനു ഇംഗ്ലീഷില്‍ പുനര്‍ മൂല്യനിര്‍ണയത്തില്‍ അഞ്ചു മാര്‍ക്ക് അധികമായി കിട്ടിയതോടെ ബഹ്‌റൈനിലെ സയന്‍സ് സ്ട്രീമില്‍ നിന്നുള്ള ടോപ്പര്‍ പദവിയിലേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 492 മാര്‍ക്ക് (98.4 ശതമാനം) നേടിയാണ് ആരതി സയന്‍സ് സ്ട്രീമിലെ ബഹ്റൈന്‍ ടോപ്പറായത്.
സയന്‍സ് സ്ട്രീമില്‍ നിന്നുള്ള ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി റീലു റെജിക്ക് 98 ശതമാനം മാര്‍ക്കോടെ (490/500) രണ്ടാം സ്ഥാനം ലഭിച്ചു. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി റീലു രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കൂളിലെ കെയൂര്‍ ഗണേഷ് ചൗധരി 97.8 ശതമാനം മാര്‍ക്കോടെ (489/500) സയന്‍സ് സ്ട്രീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കൊമേഴ്സ് സ്ട്രീമില്‍ 97.2 ശതമാനം മാര്‍ക്ക് നേടിയ (486/500) നന്ദിനി രാജേഷ് നായര്‍ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി രണ്ടാം സ്ഥാനം പങ്കിട്ടു. ഇതേ സ്ട്രീമില്‍ 96.6ശതമാനം മാര്‍ക്ക് നേടിയ (489/500) ഷെറീന്‍ സൂസന്‍ സന്തോഷ് മൂന്നാം സ്ഥാനത്താണ്. ഹ്യൂമാനിറ്റീസ് സ്ട്രീമില്‍ 97.2 ശതമാനം മാര്‍ക്ക് (486/500) നേടിയ അര്‍ച്ചിഷ മരിയോ രണ്ടാം സ്ഥാനവും 96.6 ശതമാനം (483/500) നേടിയ അഞ്ജന സുരേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരുവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. പുതിയ ഫലങ്ങള്‍ സിബിഎസ്ഇ ഗള്‍ഫ് സഹോദയ സ്‌കൂള്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം നടന്ന പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ 98.7 ശതമാനം വിജയശതമാനം നേടിയിരുന്നു. 675 വിദ്യാര്‍ത്ഥികളില്‍ 65.9% പേര്‍ക്കും 92.7% പേര്‍ക്ക് ഒന്നാം ക്ലാസും ലഭിച്ചു. പന്ത്രണ്ടാം ക്ലാസിലെ പന്ത്രണ്ടു വിവിധ കാറ്റഗറികളിലെ പുരസ്‌കാരങ്ങളില്‍ പത്തും ഇന്ത്യന്‍ സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ സ്‌കൂളിന്റെ മികവിന് സാക്ഷ്യമാണ് വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന ഈ നേട്ടങ്ങളെന്നു ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ നല്‍കുന്ന പ്രോത്സാഹനം വിദ്യാര്‍ത്ഥികളെ അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നുവെന്നു സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. മികച്ച അക്കാദമിക് നിലവാരമാണ് ഇന്ത്യന്‍ സ്‌കൂള്‍ പുലര്‍ത്തി വരുന്നതെന്ന് അക്കാദമിക ചുമതലയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുര്‍ഷീദ് ആലം പറഞ്ഞു. ഏത് വെല്ലുവിളികള്‍ക്കും തയ്യാറായ ആത്മവിശ്വാസമുള്ള, ചിന്താശീലരായ കുട്ടികളാവാനുള്ള ഏറ്റവും മികച്ച അവസരങ്ങള്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുവെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വമി പ്രതികരിച്ചു.