സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുള്ള സന്ദര്‍ശനത്തില്‍ വിവിധ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റിയാദിലെ ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത് കിരീടാവകാശിയായി ചുമതലയേറ്റ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്. സൗദി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട ഉന്നതതല സംഘം ഇദ്ദേഹത്തെ അനുഗമിക്കും.
19ന് ഡല്‍ഹിയിലെത്തുന്ന കിരീടാവകാശി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ചയും കരാറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016ലെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് സൗദി സംഘത്തിന്റെ വരവ്. 27 ലക്ഷം വരുന്ന സൗദി പ്രവാസികളുടെ ക്ഷേമം സംബന്ധിച്ച നിര്‍ണായക വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.