മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പൊന്നപ്പൻറെ മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി പ്രിയങ്കയുടെ രക്ഷിതാക്കൾ വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചാണ് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പ്രിയങ്കയുടെ അമ്മയുടെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണമായിരുന്നു പോസ്റ്റ്‍മോര്‍ട്ടം. ബഹ്റൈനിലെ പോസ്റ്റ്‍ മോര്‍ട്ടത്തിൽ തൂങ്ങി മരണമാണെന്ന് വ്യക്തമായെങ്കിലും ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ മാതാപിതാക്കൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു.
ഈ മാസം ഏഴിനാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ പൊന്നച്ചൻ-മറിയാമ്മ ദമ്പതികളുടെ മകൾ പ്രിയങ്കയെ ബഹറൈനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി പ്രിൻസ് വര്‍ഗീസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. 2011 നവംബറിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായെന്നാണ് മാതാപിതാക്കളുടെ പരാതി.
ബഹിറൈനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായെങ്കിലും ഉപദ്രവം തുടര്‍ന്നുവെന്നാണ് ആരോപണം. പ്രിൻസും ബന്ധുക്കളും തിരക്കിട്ട് ബഹിറൈനിൽ പോസ്റ്റ്‍മോര്‍ട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.
വണ്ടാനം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. പ്രിയങ്ക-പ്രിൻസ് ദമ്പതികൾക്ക് നാലു വയസുള്ള മകനുണ്ട്.