മനാമ: വിടപറഞ്ഞ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബഹ്‌റൈന്‍ ജനത. ഇന്നലെ റിഫയിലെ ഹുനൈനിയ ഖബറസ്ഥാനിയിലാണ് പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടന്നു. കോവിഡ് വ്യാപനം കാരണം ഓണ്‍ലൈനായും പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടന്നു. വിവിധ പ്രവാസി സംഘടനകളും തങ്ങളുടെ പ്രിയ പ്രധാനമന്ത്രിക്കായി ഓണ്‍ലൈനില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തങ്ങളുടെ പ്രിയ നേതാവിന് ആദരവ് അര്‍പ്പിച്ച് ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരത്തുകളില്‍ വലിയ ബില്‍ ബോര്‍ഡുകളും പ്രിന്‍സ് ഖലീഫയോടുള്ള ആദരവ് രേഖപ്പെടുത്തുന്നു. ബഹ്റൈന്‍റെ പിതാവ് എന്നാണ് പ്രിന്‍സ് ഖലീഫയെ ചില ബില്‍ ബോര്‍ഡുകള്‍ വിശേഷിപ്പിച്ചത്. മറ്റു ചിലര്‍ അദ്ദേഹത്തിനോടുള്ള യാത്രാമൊഴിയും രേഖപ്പെടുത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി കൂടിയാണ് പ്രിന്‍സ് ഖലീഫ. ആധുനിക ബഹ്‌റൈന്റെ ശില്‍പ്പിയെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.