മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ പുറത്തുവിട്ട സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈനും. ബഹ്‌റൈനില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമുണ്ടായിരിക്കുകയില്ല. ലോകാരോഗ്യ സംഘടനയുടെ പ്രശംസയേറ്റു വാങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനില്‍ നടപ്പിലാക്കി വരുന്നത്. കോവിഡിന്റെ തുടക്കത്തില്‍ തന്നെ അപകടരമായ വൈറസ് വ്യാപനത്തിന് തടയിടാന്‍ ബഹ്‌റൈന് കഴിഞ്ഞിരുന്നു.
റെക്കോര്‍ഡ് ആളുകളെയാണ് ബഹ്‌റൈന്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെയും നിയുക്ത പ്രധാനമന്ത്രിയും കിരീടവകാശിയുമായി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയം കാണാന്‍ അധികം നാളുകള്‍ കാത്തിരിക്കേണ്ടി വരില്ല. മരണനിരക്കും കേസുകളും നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്.
അതേസമയം ബഹ്‌റൈനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടന്റെ നീക്കത്തെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്.