ജനുവരിയില്‍ വാക്‌സിനെത്തും; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയം കൈവരിക്കാന്‍ ബഹ്‌റൈന് അധികം കാത്തിരിക്കേണ്ടി വരില്ല

VACCINE

ലോകരാജ്യങ്ങള്‍ മാതൃകപരമായി സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈന്‍ നടപ്പിലാക്കിയത്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ബഹ്റൈന്‍ മോഡലിനെ പ്രശംസയര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പ്രാപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈന്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പവിഴ ദ്വീപിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാര്‍ത്തകളും ഈയിടെയാണ് പുറത്തുവന്നത്. ലോകത്ത് ഇതുവരെ 12 പ്രധാന വാക്‌സിന്‍ പരീക്ഷണങ്ങളാണ് വിജയത്തിനരികെ നില്‍ക്കുന്നത്. ഇതില്‍ മിക്കതും 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചു കഴിഞ്ഞു.

മിക്ക രാജ്യങ്ങളും വാക്‌സിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീരുമാനങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ബ്ഹറൈനില്‍ വാക്‌സിനെത്താന്‍ അധിക നാളുകള്‍ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്. ബഹ്‌റൈനില്‍ വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരി ആദ്യമെത്തിയേക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയാണ് ജനുവരിയില്‍ വാക്‌സിന്‍ എത്തുന്ന കാര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പാര്‍ലമെന്റ് യോഗങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് സ്പീക്കര്‍ ഫൗസിയ സൈനുള്‍ അയച്ച കത്തിന് മറുപടിയായിട്ടാണ് എസ്.സി.എച്ച് ചെയര്‍മാന്‍ വാക്‌സിനെത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം വരെ ഓണ്‍ലൈന്‍ യോഗങ്ങളിലൂടെ പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരിയില്‍ വാക്‌സിനെത്താന്‍ സാധ്യതയുണ്ടെന്നും ചെയര്‍മാന്‍ മറുപടി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണകര്‍ത്തവ്യത്തില്‍ മുഴുവന്‍ സമയവും പങ്കാളികളായിരിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനെത്തിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. എം.പിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. രാജ്യത്തിന്റെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഭരണകര്‍ത്താക്കള്‍ക്ക് വാക്‌സിന്‍ ആദ്യമെത്തിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നേരത്തെ ബഹ്‌റൈന്‍ തീരുമാനിച്ചിരുന്നു. റഷ്യക്ക് ശേഷം വാക്‌സിന് അനുമതി നല്‍കുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി ഇതോടെ ബഹ്‌റൈന്‍ മാറുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ നീക്കങ്ങളില്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയിട്ടുള്ള രാജ്യമാണ് ബഹ്‌റൈന്‍. വൈറസ് വ്യാപനം വാക്‌സിനെത്തുന്നതിന് മുന്‍പ് തന്നെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന തരത്തിലാണ് ബഹ്‌റൈന്‍ മുന്നേറുന്നത്.

 

മരണനിരക്കും രോഗവ്യാപനവും കുറയുന്നതിനൊപ്പം വാക്‌സിന്‍ കൂടി എത്തുന്നതോടെ കോവിഡ് മഹാമാരിയെ തുരത്തിയ ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈന്‍ മുന്നേറും. ദീര്‍ഘ വീക്ഷണത്തോടു കൂടി വാക്‌സിന്‍ പരീക്ഷണം രാജ്യത്ത് നടപ്പിലാക്കാന്‍ ബഹ്‌റൈന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 6500ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. സന്നദ്ധ പ്രവര്‍ത്തകരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും പങ്കാളികളായി എന്നതാണ് നിര്‍ണായക വസ്തുത.

നിലവിൽ 1771 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 16 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 337 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. ഇന്നലെത്തെ റിപ്പോർട്ട് പ്രകാരം 126 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന കേസുകളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവാണ് ഓരോ ​ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 220 പേർ കൂടി രോഗ മുക്തരായിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 82900 പേരാണ് രോഗമുക്തരായിരിക്കുന്നത്. റെക്കോർഡ് ആളുകളെയാണ് ബഹ്റൈൻ പരിശോധനയക്ക് വിധേയമാക്കിയിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം 1924122 പേരെയാണ് പരിശോധിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!