മനാമ: ബഹ്‌റൈനില്‍ താമസിക്കുന്ന എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആരോഗ്യ സുരക്ഷ പദ്ധതികളുടെ ഗുണം ലഭിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഹമദ് രാജാവിന്റെ പ്രസ്താവന. സാഖീര്‍ പാലസില്‍ വെച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് നിര്‍ണായകമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയ്ക്ക് ആശംസകള്‍ നേരുന്നതായും പുതിയ ഉത്തരവാദിത്വത്തില്‍ വിജയം കൈവരിക്കാന്‍ കഴിയട്ടെയെന്നും ഹമദ് രാജാവ് പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജാവ് ചോദിച്ചറിഞ്ഞു. കൂടാതെ സൗദി ഭരണാധികാരി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദിന്റെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി വലിയ വിജയമാണെന്നും കൂടിക്കാഴ്ച്ച വിലയിരുത്തി.
നേരത്തെ പ്രവാസികളോട് ബഹ്‌റൈന്‍ കാണിക്കുന്ന കരുതലിനും സ്‌നേഹത്തിനും നന്ദിയറിയിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. രാജാവിന്റെ പുതിയ പ്രസ്താവന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ബഹ്‌റൈനില്‍ നടന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ ഭാഗമായിരുന്നു.