മനാമ: സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടി രൂപീകരണ പ്രഖ്യാപനം ആഘോഷമാക്കി ബഹ്റൈനിലെ തലൈവർ ആരാധക കൂട്ടായ്മയായ രജനി മക്കൾ മണ്ട്റം. ജുഫൈർ ഗേറ്റ് ഹോട്ടൽ ബാങ്കറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കാലടി അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 30 അംഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തത്. മറ്റുള്ളവർക്കായി പരിപാടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ലൈവായി ടെലികാസ്റ്റ് ചെയ്തു.
രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് രജനികാന്ത് തീരുമാനം അറിയിച്ചത്. ഡിസംബർ 31ന് രാഷ്‍ട്രീയ പാര്‍ട്ടിയുടെ ലോഞ്ചിംഗ് നടത്തുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രജനി മക്കൾ മണ്ട്റം ബഹ്റൈൻ ചാപ്റ്ററും ആഘോഷവുമായി ഇറങ്ങിയത്.
കേക്ക് മുറിച്ചും അംഗങ്ങൾ ആശംസകൾ അറിയിച്ചും നടന്ന വർണാഭമായ ചടങ്ങിൽ സുരേഷ് കാലടി മുഖ്യ പ്രഭാഷണം നടത്തി. ജോയിൻ്റ് സെക്രട്ടറി ഭാരതി വേണുഗോപാൽ ചടങ്ങ് നിയന്ത്രിച്ചു. എക്സിക്യൂട്ടീവ് മെമ്പർ രാജേന്ദ്രൻ നന്ദി പറഞ്ഞു.