മനാമ: ബഹ്റൈനിലെ പ്രവാസി സാമൂഹിക സംഘടനകളുടെ കൂട്ടായ പരിശ്രമത്തിൽ 35 വർഷത്തിന് ശേഷം നാടണഞ്ഞ് പാലക്കാട് സ്വദേശി. 1984 ൽ കടൽ കടന്ന് സ്വപ്നങ്ങളുമായി ബഹ്‌റൈനിൽ എത്തിയതായിരുന്നു പാലക്കാട് ജില്ലയിലെ കപ്പൂർ കാഞ്ഞിരത്താണി പരേതൻ ആയ കൊടകല്ലിങ്കൽ കേശവന്റെ മൂത്ത മകൻ ബാലകൃഷ്‌ണൻ. പല ജോലികളിലുമായി ജീവിതം തള്ളി നീക്കി, ഇതിനിടക്ക് ഐ ഡി കാർഡ് ഉണ്ടാക്കാനോ രണ്ട് വർഷം കഴിഞ്ഞപ്പോൾ വിസ പുതുക്കാനോ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. വർഷങ്ങൾ കടന്നു പോയി പിന്നീട് നാടും വീടും കുടുംബങ്ങളും ഒക്കെ ആയുള്ള ബന്ധങ്ങൾ ഇല്ലാതാവുകയായിരുന്നു. അവസാനമായി കുടുംബവുമായി ഫോണിൽ വിളിച്ചു സംസാരിച്ചത് 20വർഷങ്ങൾക്ക് മുൻപായിരുന്നു.
മാതാപിതാക്കളുടെ വിയോഗത്തോടെ നാട്ടിലുള്ള സഹോദരങ്ങളുമായുള്ള ബന്ധങ്ങളും അവസാനിക്കുകയായിരുന്നു അവിവാഹിതനായ ബാലകൃഷ്ണന്. വർഷങ്ങൾ കടന്നു പോയതറിയാതെ നാടും വീടുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച ബാലേട്ടൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരിന്നു. നാട്ടിൽ ഉള്ള ബന്ധുക്കളും ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഇല്ലാതായപ്പോൾ എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണും എന്നാണ് കരുതിയിരുന്നത്.
അങ്ങിനെയാണ് തീർത്തും യാദൃശ്ചികമായി ചാലക്കുടി സ്വദേശി മുഹറഖിൽ കഫ്റ്റിരിയ നടത്തുന്ന ഗഫൂർ താമസിക്കാൻ മുറി അന്വേഷിച്ചു ബാലകൃഷ്ണൻ താമസിക്കുന്ന മുറിയിൽ എത്തുന്നത്. തീർത്തും വഴിത്തിരിവായ അവിചാരിതമായ ആ കണ്ടുമുട്ടലിൽ ഗഫൂർ ബാലകൃഷ്ണനോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതൽ സംസാരിക്കാൻ തയ്യാർ ആയില്ല. പ്രയാസം മനസിലാക്കി വീണ്ടും വീണ്ടും സ്നേഹപൂർവ്വം കാര്യങ്ങൾ അന്വേഷിച്ചപ്പോഴായിരുന്നു ഇദ്ദേഹത്തിൻ്റെ ഞെട്ടിക്കുന്ന ജീവിത കഥകൾ അറിഞ്ഞത്. പിന്നീട് ഗഫൂർ പുതിയ താമസ സ്ഥലം കണ്ടെത്തുകയും ബാലേട്ടനെയും അവരുടെ റൂമിലേക്ക് കൂട്ടുകയുമാണുണ്ടായാത്.
അങ്ങനെ ഗഫൂർ (20/7/2020)ന് ബഹ്‌റൈൻ കെ.എം.സി.സി മുൻ സെക്രട്ടറി കെ.എം. സൈഫുദ്ധീനെയും, സൗത്ത് സോൺ കെ.എം.സി.സി പ്രസിഡന്റ് റഷീദ് ആറ്റൂരിനെയും വിവരങ്ങൾ അറിയിക്കുകയും ഇരുവരും പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തെയും കൂട്ടി ബാലേട്ടനെ സന്ദർശിക്കുകയും ചെയ്തു. മൂവരും ചേർന്ന് കൂടി ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ നാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് നാട്ടിലെ വീടും അഡ്രസ്സും കണ്ടെത്തുകയുമുണ്ടായി. തുടർന്നാണ് നാട്ടിലുള്ള സഹോദരങ്ങളെ ബന്ധപ്പെട്ട് കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്. ഏറെ നാളായ് യാതൊരു ബന്ധവുമില്ലാതിരുന്ന സഹോദരൻ ബഹ്‌റൈനിൽ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം ബന്ധുക്കളും, നാട്ടുകാരും അറിയുന്നത് വളരെ വൈകി ആയിരുന്നെങ്കിലും നാട്ടിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച ബാലകൃഷ്ണനെ നാട്ടിലുള്ള ബന്ധുക്കൾ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് ബഹ്‌റൈൻ കെ.എം.സി.സി യുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.
രേഖകൾ ഒന്നും തന്നെ കൈവശമില്ലാതിരുന്ന ബാലേട്ടന് ഔട്ട്പാസ് അപേക്ഷ ഏറെ ദുഷ്കരമായിരുന്നു. ഇതിനായി ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി വി ഹാരിസ് തൃത്താലയും, സെക്രട്ടറി മാസിൽ പട്ടാമ്പിയും ചേർന്ന് ഇദ്ദഹവുമായി ഇന്ത്യൻ എംബസി കയറിയിറങ്ങിയെങ്കിലും ഇന്ത്യക്കാരൻ എന്ന് തെളിയിക്കുന്ന ഒരു രേഖയും കൈവശം ഇല്ലാത്തതിനാൽ ശ്രമം വിഫലമായി. ആയിടക്കാണ് ഭാഗ്യമെന്നോണം നാട്ടിലെ റേഷൻ കാർഡിൽ ബാലകൃഷ്ണൻ്റെ പേര് ഉണ്ടെന്നറിയുന്നത്. അതിന്റെ പകർപ്പുമായി എംബസിയിൽ നിന്നും പാലക്കാട് കളക്ട്രേറ്റിലേക്ക് അപേക്ഷ അയച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ കളക്ട്രറ്റിൽ നിന്നും മറുപടി സമയത്ത് കിട്ടിയിരുന്നില്ല. തൃത്താല MLA വി.ടി. ബൽറാം ഒക്കെ വിഷയത്തിൽ ഇടപെട്ടു എങ്കിലും നാട്ടിൽ നിന്നും ജില്ലാ ഭരണകൂടം അന്വേഷണം നടത്തി എംബസിക്ക് വിവരങ്ങൾ അയക്കാത്ത കാരണം വീണ്ടും മാസങ്ങൾ നീണ്ടുപോവുകയായിരുന്നു. അതിനിടക്ക് ഗഫൂറിന് ജോലിയും റൂമും മാറേണ്ടി വരികയും അതിനു മുൻപായി തന്നെ ബാലകൃഷ്ണൻ്റെ ബന്ധു കൂടിയായ ബഹ്റൈനിലുള്ള മധുവിനെയും കുടുംബത്തെയും തിരിച്ചറിയുകയും അദ്ദേഹത്തെ അവരുടെ അടുത്തേക്ക് കൊണ്ട് പോവുകയുമുണ്ടായത്. അത് അദ്ദേഹത്തിനും വലിയ ആശ്വാസമായെങ്കിലും ഔട്ട്‌പാസ്സ് ലഭിക്കാതെ അനന്തമായി നീണ്ടു പോകുന്നതിൽ ഏറെ വിഷമകരമാവുകയായിരുന്നു.
ആയിടക്കാണ് വിവരങ്ങൾ അറിഞ്ഞ എടപ്പാൾ സ്വദേശിയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണിസമിതി അംഗവും കൂടിയായ രാജേഷ് നമ്പ്യാർ ബാലകൃഷ്ണനെ സന്ദർശിക്കുന്നത്. തുടർന്ന് കൂടുതൽ വിവരങ്ങൾ വിഷയത്തിൽ ഇടപെട്ട കെ എം സി സി പ്രതിനിധികൾ അദ്ദേഹത്തിന് കൈമാറുകയും ഔട്ട് പാസ്സ് ലഭിക്കാൻ കാലതാമസം നേരിടുന്നതിൻ്റെ വിവരങ്ങൾ പങ്കുവെക്കുകയുമുണ്ടായി. രാജേഷ് നമ്പ്യാർ ഉടൻ മുഹറഖിൽ ഉള്ള സംസ്കൃതി പ്രവർത്തകൻ അനിൽ മടപള്ളിയെ വിവരം അറിയിക്കുകയും വിവരങ്ങൾ വാർത്താ മാധ്യമങ്ങളിൽ വരികയുമുണ്ടായി. അങ്ങിനെ പാക്ട് ബഹ്‌റൈൻ ഭാരവാഹികളും ബാലേട്ടനെ സന്ദർശിച്ചു സഹായങ്ങൾ വാഗ്ദാനം ചെയ്തു. തുടർന്ന് നടത്തിയ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഫലം കാണുകയും ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി വിമുരളീധരൻ വിഷയത്തിൽ ഇടപെട്ട് കാലതാമസം നേരിട്ട ഔട്ട് പാസ് നടപടി ക്രമങ്ങളുടെ ചുവപ്പ് നാട നീങ്ങുകയുമായിരുന്നു. 35 വർഷത്തിന് ശേഷം നാടണയാൻ അവസരം ഒരുക്കുന്നതിൽ 4 മാസത്തിൽ അധികമായി ബാലകൃഷ്ണന് പാർപ്പിടവും ഭക്ഷണവും നൽകിയ മധുവും കുടുംബവും വിവരം കെ.എം.സി.സി യുടെ ശ്രദ്ധയിൽ പെടുത്തിയ ഗഫൂർ ചാലക്കുടിയും, വിവരങ്ങൾ അറിഞ്ഞത് മുതൽ സഹായ ഹസ്തവുമായി വന്നു ചേർത്തു പിടിച്ചു ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകിയ പാക്ട് ബഹ്‌റൈൻ (പാലക്കാട്ടുകാരുടെ കൂട്ടായ്മ), രാജേഷ് നമ്പ്യാർ, അനിൽ മടപള്ളി ഉൾപ്പടെ ഉള്ള സാമൂഹിക പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.