മനാമ: കോവിഡ്-19 പ്രതിരോധ വാക്സിനായ സിനോഫാമിന് ഔദ്യോഗിക അംഗീകാരം നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. സിനോഫാം വാക്സിൻ്റെ മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലേയും വിതരണക്കാരായ G-42 ഹെൽത്ത് കെയർ കമ്പനിക്ക് അംഗീകാരം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായും എൻഎച്ച്ആർഎ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ സിനോഫാം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചതിൻ്റെ ഫലങ്ങൾ പഠനത്തിന് വിധേയമാക്കിയാണ് എ എച്ച് ആർ എ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ ഇതേ വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പരീക്ഷണം ബഹ്റൈനിലും നടന്നിരുന്നു. 7700 ഓളം സന്നദ്ധ പ്രവർത്തകരാണ് ബഹ്റൈനിൽ സിനോഫാം വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമായിരുന്നത്. 42299 പേരിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിന് 86% ഫലപ്രാപ്തി നിരക്കും ആൻറിബോഡിയെ നിർവീര്യമാക്കുന്നതിൽ 99% സെറോ കൺവേഴ്ഷൻ നിരക്കും രോഗവ്യാപനം തടയുന്നതിലുള്ള ഫലസിദ്ധി 100% വും കൈവരിക്കാനായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം രാജ്യത്തെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ തലങ്ങളിലെ ആരോഗ്യ വിദഗ്ദരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചാണ് തീരുമാനം.
ഫോർ ഹ്യൂമാനിറ്റി ക്യാമ്പയിൻ്റെ ഭാഗമായായിരുന്നു ബഹ്റൈനിലും സിനോഫോം വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടന്നിരുന്നത്. 7700 സന്നദ്ധ പ്രവർത്തകരിലാണ് ബഹ്റൈനിൽ ഇത് പരീക്ഷിച്ചത്. പരീക്ഷണത്തിൻ്റെ ആദ്യ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്ന മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ബഹ്റൈൻ ഈ വാക്സിൻ നൽകിവന്നിരുന്നു.
നേരത്തെ ഫൈസർ – ബയോ എൻടെക് കോവിഡ്-19 പ്രതിരോധ വാക്സിനും എൻ എച്ച് ആർ എ അനുമതി നൽകിയിിരുന്നു. ബ്രിട്ടന് പിന്നാലെ ഫൈസർ – ബയോ എൻടെക് കോവിഡ്-19 വാക്സിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായിരുന്നു ബഹ്റൈൻ. അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോ എൻടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് -19 വാക്സിനാണ് ഫൈസർ /ബയോ എൻടെക്.