മനാമ: ഇടതുസർക്കാർ നടത്തി വരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ജനവിധിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നതെന്ന് ബഹ്റൈൻ പ്രതിഭ. പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഏറെക്കുറേ മുഴുവനായും പൂർത്തീകരിച്ചു പ്രോഗ്രസ്സ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിലേക്ക് വച്ച സർക്കാരിനെ ജനങ്ങൾ അംഗീകരിക്കുകയും കൂടുതൽ വിശ്വാസത്തിലെടുക്കുകയും ചെയ്തിരിക്കുന്നു.
കേന്ദ്ര ഏജൻസികൾ വഴിയും മാധ്യമങ്ങൾ വഴിയും സർക്കാരിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചു അന്വേഷണം നടത്തിയും പ്രചരിപ്പിച്ചും ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച അവിശുദ്ധ കൂട്ടുകെട്ടിനുള്ള തിരിച്ചടികൂടെയാണ് ഈ ജനവിധി.
അത്തരം കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞു ജനങ്ങൾ ഇടതുപക്ഷത്തെ നെഞ്ചേറ്റിയിരിക്കുകയാണ്. ഈ ജനവിധി നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് നാടിനെ പുറകോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ഒരു പാഠമാണ്.
ഒന്നായി മുന്നോട്ടു പോകാൻ ഒന്നാമതായി തുടരാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത മുഴുവൻ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തി അവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും , പ്രസിഡണ്ട് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.