മനാമ: ഈ ക്രിസ്മസ് കാലത്ത് സാഹോദര്യത്തിന്റെ സന്ദേശം പകർന്നു നൽകി വേറിട്ട രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് വിമൺ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ (ഡബ്ല്യുഐഎസ്ബി).
ക്രിസ്തുമസിനോടനുബന്ധിച്ച് കേക്ക് നിർമ്മാണവും വിപണനവും ഒരുക്കിയാണ് WISB ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്. ക്രിസ്മസ് തീമിൽ വീട്ടിൽ നിർമ്മിക്കുന്ന മിനി കപ്പ് കേക്കുകളാണ് വിപണിയിൽ എത്തിക്കുക. കേക്കുകൾ വിൽക്കുന്നതിൽ നിന്നുള്ള വരുമാനം ബഹ്‌റൈൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ബ്ലൈന്റിന് സംഭാവന ചെയ്യും.
കേക്കുകൾ നിർമ്മിച്ച് സൗജന്യമായി നൽകാൻ 17 ഓളം ഹോം ബേക്കർമാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. ചാരിറ്റിക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി ബഹ്റൈൻ പ്രവാസി സമൂഹത്തിലെ എല്ലാ ഉപഭോക്താക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും കേക്ക് നിർമ്മിച്ച് പങ്കാളികളാവാൻ പുതിയ ബേക്കർമാരെ സ്വാഗതം ചെയ്യുന്നതായും വുമൺ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ പ്രതിനിധികൾ പറഞ്ഞു.
ഡബ്ല്യു.ഐ.എസ്.ബിയോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ബേക്കർമാർക്കും, ഉപഭോക്താക്കൾക്കും 39062720, 36047200 എന്നീ നമ്പറുകളിൽ വാട്‌സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.
അതോടൊപ്പം, ഡിസംബർ 19 ന് ശനിയാഴ്ച സ്മാർട്ട് കിഡ്സുമായി സഹകരിച്ച് ഡബ്ല്യു.ഐ.എസ്.ബി ഒരു ഓൺലൈൻ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരവും നടത്തിയിരുന്നു. ഗ്രൂപ്പ് എ (4 മുതൽ 7 വയസ്സ് വരെ), ഗ്രൂപ്പ് ബി (8 മുതൽ 11 വയസ്സ് വരെ), ഗ്രൂപ്പ് സി (12 മുതൽ 19 വയസ്സ് വരെ), ഗ്രൂപ്പ് ഡി (20 വയസ്സിനു മുകളിലുള്ള സ്ത്രീകൾ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ‘ഹോപ് -21’ എന്ന വിഷയത്തിൽ മത്സരം സംഘടിപ്പിച്ചത്.
ഓരോ ഗ്രൂപ്പിൽ നിന്നും വിജയിച്ച മൂന്ന് എൻട്രികൾ ഡബ്ല്യു.ഐ.എസ്.ബി – യുടെ 2021 ടേബിൾ കലണ്ടറിൽ പ്രദർശിപ്പിക്കുന്നുണ്ട്. കലണ്ടറുകളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവും ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.