മനാമ: രാജ്യ പുരോഗതിയിൽ വനിതാ പോലീസിന്റെ പങ്കിനെ പ്രശംസിച്ച് ബഹ്റൈൻ രാജാവ്. ബഹ്റൈൻ വനിതാ പോലീസ് രാജ്യപുരോഗതിയിൽ എക്കാലവും നിർണായക സാന്നിധ്യം ആയിരുന്നു എന്നും, ഇടർന്നും അവരുടെ സേവനങ്ങൾ രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ചൂണ്ടിക്കാട്ടി.
1970-ൽ നിലവിൽ വന്നത് മുതൽ വനിതാ പോലീസ് ഉയർന്ന ഉത്തരവാദിത്വത്തോട് കൂടി രാജ്യത്തെ സേവിക്കുന്നത് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാക്കുന്നതിൽ വനിതാ പോലീസിന്റെ പങ്ക് വിലയേറിയതാണെന്ന് അദ്ദേഹം അടിവരയിട്ടു. രാജ്യത്തിന്റെ നേട്ടങ്ങളിൽ അവരുടെ പങ്കാളിത്തം ഉയർത്തുന്നതിനായി കൂടുതൽ പെൺകുട്ടികളെ പോലീസ് ജോലികളിൽ വിന്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ബഹ്റൈൻ വനിതാ പോലീസിന്റെ അൻപതാം വാർഷികത്തിൽ, രാഷ്ട്രത്തിന്റെ സംസ്കാരവും, പുരോഗതിയും കാത്തു സൂക്ഷിക്കാൻ തങ്ങളുടെ ജോലി അർപ്പണ ബോധത്തോടെ നിർവഹിച്ച രാജ്യത്തെ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരേയും ഞാൻ അഭിനന്ദിക്കുകയാണ് ” രാജാവ് പറഞ്ഞു.
ബഹ്‌റൈൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും വിവിധ മേഖലകളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും മുൻകയ്യെടുത്ത രാജാവിന്റെ പത്നിയും, സുപ്രീം കൗൺസിൽ ഫോർ വുമൺ പ്രസിഡന്റുമായ പ്രിൻസസ് ഷബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫയുടെ മഹത്തായ ഇടപെടലുകളെ രാജാവ് അഭിനന്ദിച്ചു. വനിതാ പോലീസിന് ആവശ്യമായ പരിശീലനവും, നിർദ്ദേശങ്ങളും നൽകി ഉത്തരവാദിത്വം നിറവേറ്റാൻ അവരെ പ്രാപ്തരാക്കുന്ന ഇന്റീരിയർ മിനിസ്റ്റർക്കും രാജാവ് നന്ദി പറഞ്ഞു.