തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ അവസാനവും മേയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത. തീയതിയെക്കുറിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വോട്ടെടുപ്പിനിടെ തകരാർ സംഭവിക്കാൻ സാധ്യത കുറവുള്ള എം 3 വോട്ടിങ് യന്ത്രങ്ങലാണ് ഈ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. ഇതിൽ പരമാവധി നാല് ബാലറ്റിങ് യൂണിറ്റുകൾ ഘടിപ്പിക്കാനാവും. എം 3 അനധികൃതമായി തുറക്കാൻ ശ്രമിച്ചാൽ പ്രവർത്തനരഹിതമാവുന്നതും പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ യന്ത്രത്തെ ഓൺലൈനിലൂടെ പരിശോധിക്കാൻ സാധിക്കുന്നവയുമാണ്. ഒരുശതമാനത്തിൽ താഴെയാണ് ഇവയുടെ തകരാർസാധ്യത. തിരഞ്ഞെടുപ്പ് തീയതിയുടെ അന്തിമതീരുമാനത്തിനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചർച്ചനടത്തും