മനാമ: ബഹ്റൈനിൽ 234 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഡിസംബർ 25 ന് 24 മണിക്കൂറിനിടെ 8967 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 115 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 102 പേർക്ക് സമ്പർക്കങ്ങളിലൂടെയും 17 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 189 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89152 ആയി ഉയർന്നു. 1801 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 13 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണപ്പെട്ട 85 കാരനായ സ്വദേശി പൗരനടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 351 ആയി തുടരുകയാണ്. ആകെ 2309696 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.
ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം കൂടി പുനരാരംഭിച്ചിരുന്നു.
								
															
															
															
															
															








