ന്യൂഡൽഹി: കോവിഡ്-19 വാക്സിന്‍ വിതരണത്തിന്റെ മുന്നോടിയായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ ഇന്ന് ‘ഡ്രൈ റണ്‍’ നടത്തും. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക. വാക്‌സിന്‍ വിതരണസമയത്തു നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇന്നും നാളെയുമായി നടത്തും. കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും വാക്‌സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വാക്‌സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത് , ശീതികരണം, വിതരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും. വാക്‌സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും തകരാറുകളും മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ കുത്തിവെപ്പിനിടെ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെയെല്ലാം കൈകാര്യം ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കുകയാണ് ഡ്രൈ റണ്ണിന്റെ പ്രധാന ലക്ഷ്യം.
