മനാമ: പുതുവത്സരാഘോഷങ്ങളിൽ കോവിഡ് പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ഹോട്ടലുകളോടും, റെസ്റ്റോറന്റുകളോടും ബഹ്റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ).
ഹോട്ടലുകൾ, കഫേകൾ ഉൾപ്പടെയുള്ള എല്ലാ വിനോദകേന്ദ്രങ്ങളിലും പുതുവർഷാഘോഷത്തിൽ, ആരോഗ്യ മന്ത്രാലയത്തിൻ്റെയും കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സിൻ്റെയും നിർദ്ദേശാനുസരണമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ബിടിഇഎ ഓർമിപ്പിച്ചു.
മുതകരുതൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യ മന്ത്രാലയം, വ്യവസായ- വാണിജ്യ,- ടൂറിസം മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി ചേർന്ന് പരിശോധന ശക്തമാക്കും. നിയമ ലംഘകർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും, കോവിഡ് നിയന്ത്രണം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 10,000 ബഹ്റൈൻ ദിനാർ വരെ പിഴ ചുമത്തുമെന്നും ബിടിഇഎ ഓർമിപ്പിച്ചു.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, റെസ്റ്റോറന്റുകളിൽ മേശകൾ തമ്മിൽ ശരിയായ അകലം പാലിക്കുക, തീൻമേശകളിൽ ആകെ സീറ്റിൻ്റെ പകുതി പേർക്ക് മാത്രം അനുവദിക്കുക, പരമാവധി ഒരു ടേബിളിൽ 6 പേർക്ക് മാത്രം അവസരം നൽകുക, ഒരേ സമയത്ത് മുപ്പതിലധികം പേരെ സ്ഥാപനങ്ങൾക്കുള്ളിൽ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബിടിഇഎ അടിവരയിട്ടു.