മനാമ: കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നിരവധി ഹോട്ടലുകളും, റെസ്റ്റോറന്റുകളും ടൂറിസം സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായി പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ സായിദ് അറിയിച്ചു.
വ്യവസായ, വാണിജ്യ, ടൂറിസം, ബഹ്‌റൈൻ ടൂറിസം, എക്‌സിബിഷൻ അതോറിറ്റിയുടെ സഹകരണത്തിൽ പോലീസ് ഡയറക്ടറേറ്റുകളും സുരക്ഷാ അധികാരികളും സംയുക്തമായി നടത്തിയ പരിശോധനയിൽ, നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടതിന് പുറമെ,
മാസ്ക് ധരിക്കാത്ത വ്യക്തികൾക്ക് പിഴ ചുമത്തുകയും, സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
കൊറോണക്കെതിരെ പോരാടുന്നതിനും, പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും, ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രാധാന്യം മേജർ ജനറൽ അബ്ദുല്ല അൽ സായിദ് ഊന്നിപ്പറഞ്ഞു.