തിരുവനന്തപുരം: ജനകീയപ്രതിഷേധങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിൽ ഗെയ്‌ൽ പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവർ പങ്കെടുത്തു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതിയുടെ ഉദ്ഘാടന വേദി കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനായിരുന്നു.
വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി 450 കിലോമീറ്റര്‍ പൈപ്പ് ലൈലിലൂടെ കര്‍ണാടകയിലെ മംഗളൂരിലെത്തും. കേരളത്തിലും കര്‍ണാടകത്തിലും പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി. 2013ല്‍ ഗെയ്‌ൽ പദ്ധതി ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. എല്‍പിജി ഉത്പാദനം, വിപണനം, വിതരണം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.