തിരുവനന്തപുരം: കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആഴ്ച വയനാട്ടിൽ 12.3 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്.
നിലവിൽ സംസ്ഥാനത്ത് 60 വയസ്സിൽ താഴെ പ്രായമുളള 906 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അറുപത് വയസ്സിന് മുകളിൽ പ്രായമുളള 2210 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 11-20നും ഇടയിൽ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയിൽ പ്രായമുളള 35 പേരും, 31-40നും ഇടയിൽ പ്രായമുളള 77 പേരും 40-50നും ഇടയിൽ പ്രായമുളള 218 പേരും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ജനുവരി പതിനേഴിന് നടക്കുന്ന പൾസ് പോളിയോ വിതരണ പരിപാടിയിൽ നിന്ന് കണ്ടെയ്ൻമെന്റ് സോണുകളെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ക്വാറന്റീൻ കാലാവധി അവസാനിച്ച ശേഷം കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്യും.