തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നടത്തിയ രണ്ടാംഘട്ട ഡ്രൈ റണ്‍ വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനം കൊവിഡ് വാക്സിൻ വിതരണത്തിന് പൂര്‍ണ സജ്ജമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3.51 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനോടകം വാക്സിൻ ലഭിക്കാൻ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി കഴിഞ്ഞു. കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി നടന്ന ഡ്രൈ റണിൽ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്രത്തില്‍ നിന്നെത്തിച്ച ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും കോൾഡ് ബോക്സുകളും വാക്സിൻ കാരിയറുകളും ഐസ് പാക്കുകളും കേരളത്തിൽ സജ്ജമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.