ഇന്ത്യ-പാക് തര്‍ക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിൽ സൗദി അറേബ്യ.പൽവാമ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാന്റെ പാകിസ്താൻ, ഇന്ത്യ സന്ദർശനം. ഏതെങ്കിലും ഒരു രാജ്യത്തിന്‍റെ പക്ഷം ചേരില്ലെന്നും പ്രശ്നപരിഹാര ചർച്ചകളിൽ ആവശ്യമായ പിന്തുണ നൽകാൻ ഒരുക്കമാണെന്നും സൗദി നേതൃത്വം ഇരു രാജ്യങ്ങളെയും അറിയിച്ചു.
ഇരു രാജ്യങ്ങളിലും തീവ്രവാദത്തിന്റെ എല്ലാ ചേരുവകൾക്കെതിരെയും സന്ധിയില്ലാ പോരാട്ടം ആവശ്യമാണെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കാൻ മറന്നില്ല. രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും വൻതുകയുടെ നിക്ഷേപം നടത്താനും സൗദി തീരുമാനിക്കുകയും ചെയ്തിരുന്നു. പാകിസ്താൻ സന്ദർശന വേളയിൽ ഇന്ത്യക്ക് അനുകൂലമായി ശക്തമായി നിലപാട് കിരീടാവകാശി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ സൗദി അധികൃതർ തയറായില്ല. ഇന്ത്യയും പാകിസ്താനുമായുള്ള നല്ല ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളിലും നടത്തിയ കിരീടാവകാശിയുടെ സന്ദർശനം വലിയ മുതൽക്കൂട്ടായെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തൽ.