സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് വന്നു. ഇന്ത്യൻ സന്ദർശനത്തിനിടെയാണ് മുഹമ്മദ് ബിൻ സല്‍മാന്റെ ഈ പ്രഖ്യാപനം നടത്തിയത്. തടവുകാരുടെ എണ്ണം 1700 ലധികം വരുമെന്നാണ് അനൗദ്യോഗിക വിവരം.
ആരൊക്കെ മാപ്പിന് അർഹരാവും എന്ന് തീരുമാനമായിട്ടില്ല. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ പരിധിയിലുള്ള സൗദി പ്രവിശ്യകളിലെ ജയിലുകളിൽ 400 ഓളവും റിയാദ് ഇന്ത്യൻ എംബസിയുടെ കീഴിലെ പ്രവിശ്യകളിൽ 1300 ഓളവും ഇന്ത്യാക്കാർ തടവുകാരായുണ്ട്. ഇതിൽ മലയാളികളും ഉള്‍പ്പെടും.
ലഹരി മരുന്ന് കടത്ത്, കൊലപാതകം, മോഷണം, വഞ്ചന, മദ്യനിർമാണം, വ്യഭിചാരം, പണാപഹരണം, ചൂതാട്ടം, വാഹനാപകടം തുടങ്ങി നിരവധി കേസുകളിൽ പെട്ടവരാണ് ഇവർ. ഇതിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ഉണ്ട്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് സൗദി പാസ്പോർട്ട് വിഭാഗത്തിന്റെയും തൊഴിൽ വിഭാഗത്തിെന്റെയും പിടിയിലായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ തടവുപുള്ളികളുടെ കണക്കിൽപെടില്ല.