ലുലു@161: സൗദിയിലെ 16 മത്തെ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ദമ്മാം: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് സൗദി അറേബ്യയിലെ കിഴക്കൻ നഗരമായ ദമ്മാമിൽ തുറന്നു. നഗരത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച ലുലു മാളിനോടനുബന്ധിച്ചാണ് ഹൈപ്പർ മാർക്കറ്റ്. ദമ്മാം മേയർ എൻജിനീയർ ഫഹദ് അൽ ജുബൈറാണ് പുതിയ ഷോപ്പിങ് സമുച്ചയം തൊഴിൽ മന്ത്രാലയം ഡയറക്റ്റർ ജനറൽ അബ്ദുൽ റഹ്മാൻ ബിൻ ഫഹദ് അൽ മുക്‌ബെൽ, ഡയറക്ടർ ഖാലിദ് അഹമ്മദ് അൽ ഉബൈദ് എന്നിവരടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്‌തത്‌.

അന്താരാഷ്‌ട്ര തലത്തിൽ നൂറ്റി അറുപത്തി ഒന്നാമത്തെയും സൗദിയിലെ പതിനാറാമത്തെയും ശാഖയാണ് ദമ്മാം ലുലു മാളിൽ പ്രവർത്തനമാരംഭിച്ചത്. 580,000 ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയുമാണ് ലുലു മാൾ ഒരുക്കിയിട്ടുള്ളത്. കിഴക്കൻ പ്രവിശ്യയിലെ ആദ്യത്തെ സിനിമ പ്രവർത്തിക്കുന്ന മാൾ എന്ന ബഹുമതിയും ലുലു മാളിനാണ് . 6 സ്‌ക്രീൻ ഉള്ള മൾട്ടിപ്ലെക്സ് അടുത്തു തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന റീട്ടെയിൽ ശൃംഖലയുടെ ദശകങ്ങളായ വളർച്ച ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും ആ വലിയ നേട്ടത്തിൻറ്റെ മഹത്വം പ്രതിഫലിപ്പിക്കുന്നതാവും സൗദിയിലെ ഏറ്റവും വലിയ ശാഖയുടെ ഉദ്ഘാടനമെന്നും ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു.


അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ വികസന സ്ഥിരതയിലൂന്നിയ പുരോഗമനപരമായ മാറ്റങ്ങൾളുടെ ചുവടുപിടിച്ച് ഈ വർഷവും ബിസിനസ് വിപുലീകരണത്തിന് ലുലു ഗ്രൂപ് വലിയ പദ്ധതികളാണ് ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്. പുതിയ പദ്ധതികൾ വരുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ വർഷം റിയാദിലും ജിദ്ദയിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും . സൗദി ദേശീയ സുരക്ഷാ വിഭാഗത്തിന്റെ 3 ഷോപ്പിംഗ് സെന്ററുകളും ഈ വർഷം ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ദമ്മാം മാളിൽ ലോക നിലവാരത്തിലുള്ള മികച്ച ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് ഉപഭോക്താക്കൾക്കായി അണിനിരത്തിയിരിക്കുന്നത്. വിഭിന്ന താൽപര്യക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തും വിധമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ മാളിൽ ലഭ്യമാണ്.
സി ഇ ഒ സെഫി രൂപാവാല, എക്സിക്യട്ടിവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!