മനാമ: ബഹ്റിനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റി പ്രഖ്യാപിച്ച സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ഏറ്റു വാങ്ങുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായ് ബഹറിനിൽ എത്തി. സംഘാടക സമിതി അംഗങ്ങളും കുടുംബാംഗങ്ങളും ബഹറിൻ ഇൻറർനാഷണൽ എയർപോർട്ടിൽവെച്ച് ദയാബായിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി.
നാലു പതിറ്റാണ്ടിലേറെയായി വടക്കേഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ദയാബായി ഇപ്പോൾ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിന് വേണ്ടി നാളെ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വൈകിട്ട് 7 മുതൽ 10 മണി വരെ ബഹ്റിൻ കേരളീയ സമാജത്തിൽ ബാബുരാജൻ ഹാളിൽവച്ച് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നു. മാർച്ച് മാസം ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ചായിരിക്കും സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ദയാബായിക്കു സമ്മാനിക്കുക എന്ന് പ്രസിഡണ്ട് ശ്രീ. പോൾ ഉർവത്ത്, ജനറൽ സെക്രട്ടറി ശ്രീ ജോയ് തരി യത്, സംഘാടക സമിതി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.