മനാമ: ജനിതകമാറ്റം വന്ന കൊറോണ വൈറസ്സിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ വരുന്ന മൂന്നാഴ്ച കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മാനീഅ് വിശദമാക്കി. ജനുവരി 31 ഞായറാഴ്ച മുതൽ സ്വകാര്യ, സർക്കാർ സ്കൂളുകളിലേയും കിന്റർഗാർട്ടനുകളിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പഠനം ഓൺലൈനാക്കും. എന്നാൽ ജീവനക്കാർ ഓഫീസുകളിൽ ഹാജരാകണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മൂന്നാഴ്ച പാഴ്‌സൽ സൗകര്യം മാത്രമാക്കും.
വരും ദിവസങ്ങളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ എന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുമെന്നും അൽ മനീഅ് കൂട്ടിച്ചേർത്തു.
വൈറസ് വ്യാപനത്തെ ചെറുക്കാൻ പ്രയത്നിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ വിജയിപ്പിക്കാൻ രാജ്യത്തെ ഓരോ അംഗങ്ങളും ശ്രമിക്കണമെന്ന്,പൊതു സുരക്ഷാ മേധാവിയും ദേശീയ ദുരന്ത നിവാരണ സമിതി ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ. താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സൻ പറഞ്ഞു.
നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അൽ ഹസൻ പറഞ്ഞു. 2021 ജനുവരി 1 നും ജനുവരി 26 നും ഇടയിൽ 8,901 മാസ്ക് ധരിക്കാത്തതും, 518 സാമൂഹിക അകലം പാലിക്കാത്തതുമായ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
സിവിൽ ഡിഫൻസ് ടീമുകളുടെ നേതൃത്വത്തിലുള്ള പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള സേവനങ്ങളോടൊപ്പം, എല്ലാ പ്രവാസി തൊഴിലാളികൾക്കും അവരുടെ മാതൃഭാഷയിൽ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം അതിന്റെ ബഹുഭാഷാ ബോധവൽക്കരണ കാമ്പെയ്‌നുകൾ കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.