മനാമ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ‘കോവിഷീൽഡ്’ – അസ്ട്രാസെനെക കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് ബഹ്‌റൈന് ലഭിച്ചു. ആദ്യ ബാച്ചിൽ ഒരു ലക്ഷം ഡോസുകളാണ് എത്തിയത്.
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വാക്സിൻ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ലഭ്യമാക്കും.
വാക്സിന്റെ ആദ്യ ബാച്ച് ലഭിച്ചതിനെക്കുറിച്ച് അഭിപ്രായപ്പെട്ട കിരീടാവകാശി, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും നന്ദി അറിയിച്ചു.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ കിരീടാവകാശി സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളുടെയും, ജനങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റിയ സഹകരണത്തിന് ഇന്ത്യയോട് നന്ദി അറിയിച്ചുകൊണ്ട് കിരീടാവകാശി വാക്കുകൾ ഉപസംഹരിച്ചു.