തിരുവനന്തപുരം: കൊവിഡ് ആര്‍ടി -പിസിആര്‍ പരിശോധന നിരക്ക് വർധിപ്പിച്ചു. 1500 രൂപയിൽ നിന്ന് 1700 രൂപയാക്കി കൂട്ടി. 1500 രൂപക്ക് പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. തുടക്കത്തില്‍ 2750 രൂപയായിരുന്ന പിസിആര്‍ പരിശോധന നിരക്ക് സർക്കാർ നാല് തവണയായി കുറച്ചാണ് 1500 ലെത്തിച്ചത്. സ്വാബ് എടുക്കല്‍, പരിശോധനക്കാവശ്യമായ മറ്റ് ചെലവുകള്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലാബുകളുടെ ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധന നിരക്കിൽ 200 രൂപ വർധിപ്പിച്ചത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപയായി തുടരും. മറ്റ് പരിശോധന നിരക്കുകളിൽ മാറ്റമില്ല.