മനാമ: കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ ബഹ്റൈനിൽ പള്ളികളിലെ എല്ലാ പ്രാർത്ഥനകളും മത പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു.
പരിമിതമായ വിശ്വാസികളുടെ സാന്നിധ്യത്തിൽ അഹ്മദ് അൽ ഫതഹ് ഇസ്ലാമിക് സെന്ററിൽ നിന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരവും ഖുത്തുബയും തത്സമയം സംപ്രേഷണം ചെയ്യും.
സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെ (എസ്‌സിഐഎ) മതപരമായ അഭിപ്രായത്തെ അടിസ്ഥാനമാക്കി, കോവിഡ് -19 നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾക്കനുസൃതമായി ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻറ് മന്ത്രാലയമാണ് രണ്ടാഴ്ചത്തേക്ക് പള്ളികൾ അടച്ചിടുന്നത് പ്രഖ്യാപിച്ചത്.
സുന്നി, ജാഫരി എൻഡോവ്‌മെൻറ് ഡയറക്ടറേറ്റുകളുമായി ഏകോപിപ്പിച്ചുകൊണ്ട് , അണുബാധയിൽ നിന്നും പ്രായമായവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി തീരുമാനം ആനുകാലിക അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രാലയം ഇന്നലെ വൈകിട്ട് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.