ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കിൽ ഒന്നാമത് കേരളം. പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 50 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 13088 പേരിൽ 6475 പേരും കേരളത്തിലാണ്. കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുയർത്തുന്നു. സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 141511 പേരിൽ 64390 പേരും കേരളത്തിലാണ്. രാജ്യത്ത് 10858371 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97.27 ശതമാനം പേരും രോഗമുക്തി നേടി. ഇത് വരെ 155252 മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണ നിരക്ക് 1.43 ശതമാനമാണ്.
