വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും സ്ഥിരീകരിച്ച് ഇന്ത്യ. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആക്രമണം നടത്തിയത്. ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി തയ്യാറാക്കിയ വിശദീകരണ കുറിപ്പാണ് വാര്‍ത്താസമ്മേളനത്തിൽ വായിച്ചത്.
കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധിയും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#WATCH Raveesh Kumar, MEA: One Pakistan Air Force fighter aircraft was shot down by Indian Air Force. In this engagement, we have lost one MiG 21. Pilot is missing in action. Pakistan claims he is in their custody. We are ascertaining the facts. pic.twitter.com/Bm0nVChuzF
— ANI (@ANI) February 27, 2019
അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോയാണ് അൽപസമയം മുമ്പ് പാകിസ്ഥാൻ പുറത്തു വിട്ടത്. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിടുന്നത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്.
പാക് സേനാ വക്താവ് ജനറൽ ആസിഫ് ഗഫൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്നു കയറാൻ ശ്രമിച്ചതിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.