മനാമ: പൊതുഇടങ്ങളിൽ കൂടിച്ചേരൽ നിരോധിച്ചത് ഉൾപ്പെടെ അധികൃതർ നൽകിയ കൊവിഡ് മുൻകരുതലുകൾ പാലിക്കേണ്ടത് രാജ്യത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് നോർത്ത് ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ റജബ് മാസത്തിലെ ആരാധന കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടുള്ള ജാഫരി എൻഡോവ്മെന്റിന്റെ നിർദേശങ്ങൾ പാലിക്കാൻ കമ്മ്യൂണിറ്റി സെൻററുകളോട് ഗവർണർ ആവശ്യപ്പെട്ടു. റജബ് മാസത്തിൽ ആളുകൾ കൂടുതൽ കൂടിച്ചേരാൻ ഉള്ള സാധ്യത കണക്കിലെടുത്ത് വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജാഫരി എൻഡോവ്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.
നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റ നിർദേശങ്ങൾ പാലിക്കാനും റജബ് മാസത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളും ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യാനും ജാഫരി എൻഡോവ്മെന്റ് നിർദേശിച്ചിരുന്നു. ഇത്തരം ബ്രോഡ്കാസ്റ്റ് ചെയ്യാൻ എത്തുന്ന സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല എന്നാണ് നിർദേശം.