മനാമ: കോവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്ന് ആഹ്വാനം ചെയ്ത് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. മനാഫ് അൽ ഖത്താനി.
ക്രൗൺ പ്രിൻസ് സെൻറർ ഫോർ മെഡിക്കൽ റിസർച്ചിൽ നാഷനൽ മെഡിക്കൽ ടീം നടത്തിയ പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പ്രതിരോധ ശേഷി വർധിപ്പിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ വാക്സിനേഷൻ സഹായിക്കുമെന്നും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിനെതിരെ ഉള്ള എല്ലാ തരം പ്രവർത്തനങ്ങളും ഒന്നിപ്പിച്ച് മുന്നോട്ടു പോകാനുള്ള സമയമായി എന്നും വാക്സിനുകൾ എടുക്കുന്നത് മറ്റു മുൻകരുതലുകളിൽ നിന്ന് പിന്നോട്ടു പോകാനുള്ള കാരണം ആകരുതെന്നും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ തരം വൈറസിനെതിരെ ശ്രദ്ധയോടും ഒന്നിച്ചും പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പെട്ടെന്ന് പടരുന്ന പുതിയ തരം കൊവിഡ് 19 വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇതിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായതിനെത്തുടർന്ന് സർക്കാർതലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി പൊതുഇടങ്ങളിലുളള കൂടിച്ചേരലുകളും കുടുംബങ്ങളിലെ കൂടിച്ചേരലുകളും കർശനമായി ആയി നിയന്ത്രിക്കാൻ നാഷനൽ മെഡിക്കൽ ടീം നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് പുതുതായി എത്തുന്ന യാത്രികർക്ക് നേരത്തെ ഉണ്ടായിരുന്ന 2 കൊവിഡ് പി സി ആർ ടെസ്റ്റുകളുടെ എണ്ണം മൂന്നായി വർധിപ്പിച്ചിരിക്കുകയാണ്. വന്നിറങ്ങുന്ന ഒന്നാമത്തെ ദിവസവും അഞ്ചാമത്തെയും പത്താമത്തെയും ദിവസമാണ് ടെസ്റ്റ് എടുക്കേണ്ടത്. കൊവിഡ് പിസിആർ ടെസ്റ്റിനുള്ള നിരക്ക് 40 ദിനാർ നിന്ന് 36 ചുരുക്കുകയും ചെയ്തിരുന്നു.